ടെൽ അവീവ്: ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽനിന്ന് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് ഓസ്ട്രിയൻ എയർലൈൻസ് വിമാനം ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിൽ അടിയന്തര ലാൻഡിംഗ് നടത്തി. വിമാനത്തിലുണ്ടായിരുന്ന 57 പേരും സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു.
ഓസ്ട്രിയൻ എയർലൈൻസിന്റെ ഒഎസ് 82 എന്ന എയർബസ് എ320 വിമാനത്തിനാണ് ഭീഷണി നേരിടേണ്ടിവന്നത്. 51 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിയന്നയിലേക്ക് യാത്ര തുടരുന്നതിനിടെ റൊമാനിയൻ അതിർത്തിക്ക് സമീപത്തുവെച്ചാണ് ബോംബ് ഭീഷണി സിഗ്നൽ ലഭിച്ചതെന്ന് ഓസ്ട്രിയൻ അധികൃതർ അറിയിച്ചു.
തുടർന്ന് വിമാനം സോഫിയ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനം നിലത്തിറങ്ങുന്നതുവരെ വ്യോമസേനയുടെ യുദ്ധവിമാനം അകമ്പടി നൽകി. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയശേഷം വിമാനത്തിൽ വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.